Kerala
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. സമയക്രമം മാറ്റി നൽകിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഒരാഴ്ച നീട്ടണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ നടപടി. കരട് പട്ടിക ഡിസംബർ 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും. നേരത്തെ കേരളത്തിലെ എസ്ഐആർ തടയാതെയായിരുന്നു സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നല്കിയിരുന്നു. എസ്ഐആര് പ്രക്രിയയ്ക്ക് നിലവിലുള്ളതിനെക്കാൾ കൂടുതൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉയോഗിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എസ്ഐആർ നടപടിയുടെ നിലവിലെ സ്ഥിതി കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ സുപ്രീംകോടതിയെ ധരിപ്പിച്ചു. ഇതുകേട്ട ശേഷാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് എസ്ഐആർ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ചത്.
Kerala
പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്കരണം വന്നപ്പോൾ തിരുവല്ല എംഎൽഎ മാത്യു ടി. തോമസിനും ഭാര്യക്കും വോട്ടില്ല. 2002ലെ വോട്ടർ പട്ടികയിലാണ് എംഎൽഎയുടെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേരില്ലാത്തത്. 2002ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ്ഐആർ നടപ്പാക്കുന്നത്.
ബിഎൽഒയാണ് പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം എംഎൽഎയെ അറിയിച്ചത്. എസ്ഐആർ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് വിഷയം ശ്രദ്ധയിൽപ്പെട്ടതെന്നും 1984 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെയും താനും ഭാര്യയും വോട്ട് ചെയ്തിരുന്നതായും മാത്യു ടി.തോമസ് പറഞ്ഞു.
സാങ്കേതികമായി പേര് ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും എംഎൽഎ വ്യക്തമാക്കി. ആറ് തവണ നിയമസഭയിലേക്ക് മത്സരിച്ച തന്റെ പേര് വോട്ടർപട്ടികയിലില്ലെന്ന കാര്യം അറിഞ്ഞപ്പോൾ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിന്റെ മറവിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ വോട്ടുകൾ വെട്ടി മാറ്റി ബിജെപി അവരുടെ ഇഷ്ടാനുസരണം വോട്ടർപട്ടിക തയാറാക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ജനാധിപത്യത്തെ കൊല്ലുന്ന ഈ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിയാണെന്നും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ രാഹുൽ വിമർശിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റാൻ ബൂത്ത് ലെവൽ ഓഫീസർമാരിൽ സമ്മർദം ചെലുത്തുന്നു. ജോലി നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. സമ്മർദവും ഭീഷണികളും സഹിക്കാതെ ബിഎൽഒമാർ സ്വയം ജീവനൊടുക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.
ഉത്തർപ്രദേശിലെ ഗോണ്ടയിലെ ബിഎൽഒ ആയിരുന്ന വിപിൻ യാദവിന്റെ ആത്മഹത്യ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം. ഒബിസി വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്നു നീക്കിയില്ലെങ്കിൽ ജോലിയിൽനിന്നു പിരിച്ചുവിടുമെന്നും പോലീസ് നടപടി നേരിടുമെന്നും വിപിൻ യാദവിന് ഭീഷണി ഉണ്ടായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം, ഹര്ജിയില് കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര് രണ്ടിന് പരിഗണിക്കും. എസ്ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി കേരളത്തിന്റെ ഹര്ജിയില് ഇടപെടണോ എന്ന് അന്നു തീരുമാനിക്കാമെന്നും അറിയിച്ചു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി നിര്ദേശം നല്കി.
എന്നാൽ കേരളത്തിൽ രാഷ്ട്രീയപാർട്ടികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. നടപടികൾ വേഗത്തിൽ നടക്കുകയാണെന്നും ആവശ്യമെങ്കിൽ സത്യവാംഗ്മൂലം സമർപ്പിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ കമ്മീഷൻ പറയുന്നതല്ല സാഹചര്യമെന്നായിരുന്നു കേരളത്തിന്റെ എതിർവാദം.
Kerala
തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ജോലികൾക്ക് വിദ്യാർഥികളെ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ അധ്യായനം പൂർണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.
പൊതുപരീക്ഷകൾ ഉൾപ്പെടെയുള്ള സുപ്രധാനമായ പരീക്ഷകൾ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പത്തു ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച വിദ്യാർഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടണം. അധ്യായന ദിവസങ്ങളിൽ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫീസ് ജോലികൾക്കും ഫീൽഡ് വർക്കുകൾക്കും വിദ്യാർഥികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ വിദ്യാർഥികളെ മറ്റ് ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
National
കോൽക്കത്ത: എസ്ഐആറിലൂടെ സംസ്ഥാനത്തെ ഒരു വോട്ട് പോലും നീക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിൽ താൻ ഇരിക്കുന്നിടത്തോളം കാലം ഒരാളും എസ്ഐആറിനെ ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു.
"എന്തിനാണ് എസ്ഐആർ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തതയില്ല. ബംഗ്ലാദേശികളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാനാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തിനാണ് എസ്ഐആർ നടത്തുന്നത്.'- മമത ചോദിച്ചു.
"ഒരു കാര്യം പ്രധാനമന്ത്രിയും ബിജെപിയും ഓർക്കുന്നത് നല്ലതാണ്. ഇതേ വോട്ടർ പട്ടിക വച്ച് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിങ്ങൾ മൂന്നാം തവണയും അധികാരത്തിലെത്തിയത്. ഈ വോട്ടർ പട്ടികയിലെ ആളുകളെ നീക്കം ചെയ്യുകയാണെങ്കിൽ കേന്ദ്ര സർക്കാരും രാജിവച്ച് പുറത്തുപോകണം. അതാണ് വേണ്ടത്.'-മമത കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച സുപ്രീം കോടതി ഹർജികൾ 26 ന് വിശദമായി പരിഗണിക്കാൻ മാറ്റി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.
ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
നേരത്തെ ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, ഏതു ബെഞ്ചാണ് ഹർജി പരിഗണിക്കുക എന്ന് വ്യാഴാഴ്ച അറിയാം.
സംസ്ഥാന സർക്കാരും സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി ഹർജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
എസ്ഐആറിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു. എന്നാൽ, മെൻഷനിംഗിൽ മുതിർന്ന അഭിഭാഷകരെ കേൾക്കാറില്ലെന്ന കാര്യം ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയതോടെ, അദ്ദേഹം ഹാരിസ് ബീരാനെ മെൻഷനിംഗിനായി മുന്നോട്ട് നീക്കിനിർത്തുകയായിരുന്നു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ് രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാൻ ഹാജരായത്. ഇതിനിടെ എല്ലാ ഹർജികളും ഒരുമിച്ച് കേൾക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് ഉന്നയിച്ചു. ഇതും കോടതി അംഗീകരിച്ചു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ഡോ. രത്തന് യു. ഖേല്ക്കര്. എല്ലാവരുടെയും പങ്കാളിത്തം വേണം. ബൂത്ത് ലെവല് ഓഫീസര്മാരെ (ബിഎല്ഒ) ജനങ്ങളും വില്ലേജ് ഓഫീസർമാരുമടക്കം സഹായിക്കണം. ബിഎൽഒമാരുടെ പ്രയാസം പരിഹരിക്കും. കളക്ടർമാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്തു. അഞ്ചുലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തെന്നും അദ്ദേഹം വിശദമാക്കി.
നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്ക്കും ഭരണഘടനാ വിധികള്ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്പട്ടിക തീവ്രപരിശോധന നടക്കുന്നത്. ഇതില് ഒരു രാഷ്ട്രീയപാര്ട്ടിക്കും വിട്ടുവീഴ്ചയില്ല. കമ്മിഷനെ സംബന്ധിച്ച്, ബിഎല്ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല് പ്രവര്ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്. ബിഎല്ഒമാര്ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്ത്തനഫലമായാണ് സംസ്ഥാനത്തെ എസ്ഐആര് നടപടികള് നല്ലൊരു ശതമാനം പൂര്ത്തിയാക്കാനായതെന്നും ഖേല്ക്കര് പറഞ്ഞു.
അതേസമയം, ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പല ജില്ലകളില്നിന്നും പരാതി ലഭിച്ചിട്ടുണ്ട്.
വളരെ പ്രാധാന്യമുള്ള ചുമതല നിര്വഹിക്കുന്ന ബിഎല്ഒമാരെ തടസപ്പെടുത്തിയാല് ഭാരതീയ ന്യായ് സംഹിതയുടെ 121ാം വകുപ്പ് പ്രകാരം കേസെടുക്കാന് ജില്ലാ കലക്ടര്മാര്ക്കു നിര്ദേശം നല്കിയിട്ടുണ്ട്. 10 വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര് ആക്രമണം നടത്തുന്നവര്ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.
നന്നായി പ്രവര്ത്തിക്കുന്ന ബിഎല്ഒമാര്ക്കെതിരെ വ്യാജവാര്ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില് പെട്ടിട്ടുണ്ടെന്നും രത്തൻ കേൽക്കൽ പറഞ്ഞു. കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിൽ കമ്മീഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എല്ലാ സഹായവും കുടുംബത്തിനുണ്ടാകും. ആലപ്പുഴ കളക്ടറുടെ സമ്മർദ്ദമെന്ന പരാതി പരിശോധിക്കുമെന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
National
ന്യൂഡൽഹി: വോട്ടര് പട്ടിക തീവ്ര പരിഷ്കരണം (എസ്ഐആര്) ചര്ച്ച ചെയ്യാന് കോണ്ഗ്രസ് വിളിച്ച യോഗം ഇന്ന് ഡല്ഹിയില് ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം.
പിസിസി അധ്യക്ഷന്മാരും, നിയമസഭാ കക്ഷി നേതാക്കളും, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള് എന്നിവരാണ് യോഗത്തിനെത്തുക. കേരളം ഉള്പ്പെടെ ഒമ്പതു സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെയും നേതാക്കള് യോഗത്തില് പങ്കെടുക്കും. എസ്ഐആറുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള് ചര്ച്ച ചെയ്യാനാണ് യോഗം.
വോട്ട് കൊള്ളയും എസ്ഐആറിലെ ക്രമക്കേടുകളും ചര്ച്ച ചെയ്യുന്നതിനൊപ്പം എസ്ഐആറിനെതിരായ തുടര് പ്രതിഷേധ പരിപാടികള്ക്കും യോഗം രൂപം നല്കും.
Kerala
തിരുവനന്തപുരം: സമഗ്ര വോട്ടര് പട്ടിക പരിഷ്കരണത്തില് ആദ്യഘട്ടം പൂര്ത്തിയാക്കുന്നതിന് സമയം നീട്ടി നല്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സമയക്രമം മാറ്റി നല്കില്ല. എന്യൂമെറേഷന് ഫോം വിതരണവും, വോട്ടര്മാരുടെ വിവരങ്ങള് അപ്ലോഡ് ചെയ്യുന്നതും ഡിസംബര് നാലിനകം പൂർത്തിയാക്കണം.
നേരത്തെ നിശ്ചയിച്ച സമയത്തില് മാറ്റം വരുത്തണമെങ്കില് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്ദേശമുണ്ടാകണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ജില്ലാ കളക്ടര്മാരെ അറിയിച്ചിട്ടുള്ളത്. എസ്ഐആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല. ചില ബിഎൽഒമാർ ജോലി പൂർത്തിയാക്കിയെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഫോം അപ്ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന് വൈഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് നിർദ്ദേശം നല്കിയിട്ടുണ്ട്.
കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ എസ്ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ നേരിടുന്നത് വലിയ സമ്മർദമാണെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെ സമാന അനുഭവങ്ങൾ പങ്കുവെച്ച് ബിഎൽഒമാർ രംഗത്തെത്തിയിരുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് പൂര്ത്തിയാകുംവരെ എസ്ഐആര് തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നല്കിയിട്ടുണ്ട്.
Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര് തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര് പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്ശനം.
ഒരു യുവ സ്ഥാനാര്ത്ഥി മത്സരിക്കാൻ വരുമ്പോള് ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര് പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്മിപ്പിച്ചു. ഹര്ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
National
ന്യൂഡല്ഹി: കേരളത്തിലെ എസ്ഐആര് നടപടികള് അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്ട്ടികളും സര്ക്കാര് ഉദ്യോഗസ്ഥരും. ഇതിനിടയില് എസ്ഐആര് നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും അതിനാല് എസ്ഐആര് നടപടികള് അടിയന്തരമായി നിർത്തിവയ്ക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
എസ്ഐആര് നടപടികളില് ഏര്പ്പെട്ടിരിക്കുന്ന ജീവനക്കാര്ക്ക് സമ്മര്ദം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ കണ്ണൂർ പയ്യന്നൂരില് ബിഎല്ഒ അനീഷ് ജീവനൊടുക്കിയ സംഭവവും പരാമർശിക്കുന്നുണ്ട്.
രാജ്യസഭാംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന് ആണ് ഹര്ജി സുപ്രീം കോടതിയില് ഫയല് ചെയ്തത്.
Sports
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകൾ പുതുതായി ചേർത്തപ്പോൾ 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ആകെ 2.86 കോടി വോട്ടർമാരാണ് ലിസ്റ്റിലുള്ളത്.
ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരേണ്ടിയിരുന്ന പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു.
21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധിഅവസാനിക്കും. തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം പേർ അധികമായി വോട്ടു ചെയ്തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.
അതിനുശേഷം മൂന്നു ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിനു ശേഷം പത്തുദിവസം പേരു ചേർക്കാൻ അവസരമുണ്ടായിരുന്നു.
അങ്ങനെയാണ് 7.45 കോടി വോട്ടർമാരായത്. വോട്ടർമാരുടെ എണ്ണത്തെ വോട്ടു ചെയ്തവരെന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നും കമ്മീഷൻ അറിയിച്ചു. യോഗ്യതയുള്ള ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകൾ കൂട്ടിച്ചേർത്തതെന്നും കമ്മീഷൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു.
വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അന്തിമ വോട്ടര് പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്റെ പേരില്ല. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നൽകിയിരുന്നത്.
അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം.
സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ വൈഷ്ണയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുമായില്ല.
പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിംഗിനുശേഷമാണ് തീരുമാനമെടുത്തത്.
വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ആദ്യഘട്ടം 25നുള്ളിൽ കേരളത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ. ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം 25നുള്ളിൽ പൂർത്തിയാക്കും.
എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. 25നുള്ളിൽ എന്യൂമറേഷൻ ഫോം വിതരണം ബിഎൽഒമാർ പൂർത്തീകരിക്കണം. ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തണം. ഇതുവരെ ഏകദേശം 64,45,755 പേർക്ക് (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം അതിവേഗം മുന്നോട്ടു പോകുകയാണെന്ന് രാഷ്്ട്രീയ പാർട്ടി നേതാക്കൾക്കു നൽകിയ കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കേരളത്തിൽ നടപ്പാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തന പുരോഗതി വിലയിരുത്താൻ ഇന്നു രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്തിട്ടുണ്ട്.
തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിലെ ന്യൂനതകളോ പോരായ്മകളോ മാറ്റം വരുത്തേണ്ട നിർദേശങ്ങളോ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഇന്നു ചേരുന്ന യോഗത്തിൽ ചൂണ്ടിക്കാട്ടാം. തീവ്ര വോട്ടർപട്ടികാ പരിഷ്കരണവുമായി അതിവേഗം മുന്നോട്ടു പോകുകയാണെന്നാണ് കമ്മീഷൻ നിരീക്ഷണം.
രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം വ്യക്തമാക്കി കത്തും നൽകി.
54,000 ബൂത്ത് ലെവൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് വോട്ടർപട്ടികാ പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളെ ബാധിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി ഉയർത്തിയ ബിഎൽഒമാരെ മാറ്റി നിയമിച്ചിരുന്നു. പത്ത് ശതമാനത്തോളം വീടുകളിൽ ആദ്യഘട്ടമായി ബിഎൽഒമാർ എത്തിയതായാണ് കണക്കുകൾ.
Editorial
“തെരഞ്ഞെടുപ്പുകൾ ജനങ്ങളുടേതാണ്. അത് അവരുടെ തീരുമാനമാണ്. തീയ്ക്ക് പുറംതിരിഞ്ഞ് പിൻഭാഗം കത്തിക്കാനാണു തീരുമാനമെങ്കിൽ, അവർക്ക് പൊള്ളലേറ്റുണ്ടായ വ്രണങ്ങളിൽ ഇരിക്കേണ്ടിവരും.”-ഏബ്രഹാം ലിങ്കൺ
ബിഹാറിലെ നഷ്ടപ്പെട്ടെന്നു പറയുന്ന വോട്ടുകളെക്കുറിച്ച് നാം സംസാരിച്ചുകഴിഞ്ഞു. ഇനി കേരളത്തിലെ സ്വന്തം വോട്ടുകൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കാം. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ (എസ്ഐആർ) തുടങ്ങിക്കഴിഞ്ഞു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെയുള്ള സമയം നിർണായകമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശത്തെ അവഗണിക്കുന്നവർ രാഷ്ട്രനിർമിതിയിലെ തന്റെ ഭാഗധേയം സ്വയം കൈയൊഴിയുകയാണ്. അങ്ങനെ വോട്ട് ഉപേക്ഷിച്ചവർ തങ്ങളെ മാത്രമല്ല, അനർഹമായ അധികാര കൈമാറ്റത്തിനു വഴിതെളിച്ച് മറ്റുള്ളവരെയും പൊള്ളലേൽപ്പിക്കുന്നു.
നിലവിലെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക മരവിപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു. വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തടസമില്ല. പരിഷ്കരണ പ്രക്രിയയുടെ ജോലികൾ ഇന്നലെ തുടങ്ങി. ആധാർ കാർഡ് അടക്കം 12 തിരിച്ചറിയൽ രേഖകൾ പരിഗണിക്കും. പക്ഷേ, നിരവധി പേർക്ക് അതോടൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടിവരും. അതുകൊണ്ട് കാര്യങ്ങൾ അതിന്റെ വഴിക്കു പോകും എന്നു കരുതി അലസരായിരിക്കരുത്. ഓരോരുത്തരും താന്താങ്ങളുടെ പേരുകൾ രേഖപ്പെടുത്തുകതന്നെ വേണം. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിലെ പരാതികൾ ഇവിടെ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ജാഗരൂകരാകണം.
നവംബർ നാലു മുതൽ ഡിസംബർ നാലുവരെ വീടുവീടാന്തരമുള്ള പേരു ചേർക്കലിൽ നിശ്ചിത ഫോം പൂരിപ്പിച്ചു നൽകണം. ഡിസംബർ ഒന്പതിനു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്നു മുതൽ 2026 ജനുവരി എട്ടുവരെ പരാതികളുണ്ടെങ്കിൽ സമർപ്പിക്കാം. പരാതി കേൾക്കലും പരിശോധനയും ഡിസംബർ 31 വരെ നടത്തും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡ്/സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് തുടങ്ങിയ 12 രേഖകളിലൊന്ന് തിരിച്ചറിയലിനായി നൽകാം.
പക്ഷേ, പരിഷ്കരണത്തിന്റെ അടിസ്ഥാനമായെടുത്തിരിക്കുന്ന 2002ലെ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പൗരത്വം തെളിയിക്കാൻ അവ മതിയാകില്ല. ഒക്ടോബർ 13ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഓൺലൈനായി പ്രസിദ്ധീകരിച്ച 2002ലെ പട്ടികയിൽ 2025 ഓഗസ്റ്റിലെ പട്ടികയിലുണ്ടായിരുന്ന 53.25 ലക്ഷം പേർ ഇല്ലെന്ന് ഓർക്കണം. അവർക്ക് പുതിയ പട്ടികയിൽ ഇടം പിടിക്കണമെങ്കിൽ ചില രേഖകൾ സമർപ്പിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പൗരത്വം തെളിയിക്കണം.
2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ മൂന്നായി തരംതിരിച്ചാണ് സമർപ്പിക്കേണ്ട രേഖകൾ നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് 1987 ജൂലൈ ഒന്നിനു മുമ്പ് ജനിച്ചവർ സ്വന്തം ജനന തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചാൽ മതി. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ മേൽപ്പറഞ്ഞ രേഖകൾക്കൊപ്പം മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകളും കൊടുക്കണം.
2004 ഡിസംബർ രണ്ടിനു ശേഷം ജനിച്ചവർ സ്വന്തം ജനന തീയതിയും സ്ഥലവും മാതാപിതാക്കളിൽ രണ്ടു പേരുടെയും ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. വോട്ടറുടെ മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ അവരുടെ, വോട്ടിന് അപേക്ഷിക്കുന്നവരുടെ ജനനസമയത്തുള്ള പാസ്പോർട്ടിന്റെയും വീസയുടെയും കോപ്പി സമർപ്പിക്കണം.
നടപടിക്രമങ്ങളുടെ സങ്കീർണതയോർത്ത് അതിൽനിന്ന് ഒഴിവായേക്കാമെന്ന് ഒരാളും കരുതരുത്. ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈക്കലാക്കുകയും അതിന്റെ ഉത്തരവാദിത്വങ്ങളെ അവഗണിക്കുകയും ചെയ്യുന്നവരാണ് വോട്ടർപട്ടികയിൽ പേരു ചേർക്കാത്തവരും വോട്ട് ചെയ്യാത്തവരും എന്നു പറയേണ്ടിവരും. വോട്ടർപട്ടികയിൽ പേരില്ലാത്തവരെ പൗരത്വവുമായി കൂട്ടിക്കെട്ടി സംശയദൃഷ്ടിയോടെ കാണാനിടയാകുന്ന സാഹചര്യവും ഭാവിയിൽ തള്ളിക്കളയാനാകില്ല. വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നിട്ടും വോട്ട് ചെയ്യാത്തവരുടെ എണ്ണം വർധിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്, 18നും 19നും ഇടയ്ക്കുള്ളവരിൽ 40 ശതമാനത്തിൽ താഴെയാണ് വോട്ടർപട്ടികയിൽ പേരു ചേർത്തത് എന്നാണ്. പേരു ചേർത്തവരിൽ വലിയൊരു ശതമാനം വോട്ട് ചെയ്തുമില്ല. ഈ ഒഴിഞ്ഞുമാറൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനു തുല്യമാണ്. ബൂത്ത് തലത്തിൽ വോട്ടർമാരുടെ പട്ടിക പരിശോധിക്കാനും ഇല്ലാത്തവരെ ചേർക്കാനുമുള്ള ചുമതല രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കണം.
ആ ജനാധിപത്യ പ്രതിബദ്ധതതന്നെ തെരഞ്ഞെടുപ്പ് പ്രചാരണമായി മാറ്റാവുന്നതാണ്. കുടുംബാംഗങ്ങളും പരസ്പരം സഹായിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ പ്രചോദനം നൽകാനാകും. ഒരുവിധത്തിൽ വോട്ടവകാശം ഉറപ്പാക്കാൻ ഇത്തിരി ക്ലേശിക്കേണ്ടിവരുന്നത്, വോട്ടിന്റെ വില മനസിലാക്കാൻ സഹായിച്ചേക്കാം.
ജനാധിപത്യ-മതേതര സംരക്ഷണത്തിനും അതുവഴി രാഷ്ട്രനിർമാണത്തിനുമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളാണ് വോട്ടർപട്ടികയിൽ ചേർക്കുന്നത്. എഴുന്നേൽക്കാം, ജനാധിപത്യം ഹാജർ വിളിക്കുന്പോൾ നമ്മളും ഉണ്ടാകണം. നമുക്കൊരു പങ്കുമില്ലാത്ത രാഷ്ട്രീയവ്യവസ്ഥയിൽ, വിലാസമില്ലാത്തൊരു അഭയാർഥിയാകില്ല നാം.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നു പ്രഖ്യാപിച്ചേക്കും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഇന്നു വൈകുന്നേരം 4.15ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ എസ്ഐആർ സമയക്രമം പ്രഖ്യാപിക്കുമെന്നാണ് സൂചന.
രാജ്യവ്യാപക എസ്ഐആർ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കിയതായാണു വിവരം. എന്നാൽ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് എസ്ഐആർ നടപ്പാക്കിയേക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷന് കത്തയച്ചിരുന്നു.
എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കിയേക്കും. കേരളത്തിനുപുറമെ ആസാം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബർ ഒന്നുമുതൽ എസ്ഐആർ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Kerala
ആലപ്പുഴ: മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് നടപടി.
ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്ക്. ഇന്ന് നടന്ന ഹിയറിംഗിൽ ആണ് വോട്ട് ഒഴിവാക്കിയത്. എംഎൽഎ ഓഫീസിന്റെ വിലാസത്തിലായിരുന്നുവോട്ട് ഉണ്ടായിരുന്നത്.
ഇതിനെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് നീക്കുകയായിരുന്നു.
National
ന്യൂഡല്ഹി: ബിഹാര് നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ഡല്ഹിയില് ചേരും. യോഗത്തില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്മാരും പങ്കെടുത്തേക്കുമെന്നാണ് സൂചന.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന യോഗത്തില് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള് അടക്കം വിലയിരുത്തും. അതിനുശേഷമാകും ബിഹാറില് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിക്കുക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശനിയാഴ്ച ബിഹാര് സന്ദര്ശിച്ചേക്കുമെന്നും റിപ്പോര്ട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര് പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര് പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില് നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര് വോട്ടര് പട്ടിക പരിഷ്കരണത്തില് കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില് ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര് എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില് ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള് എന്നീ സംസ്ഥാനങ്ങളില് കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില് തിടുക്കത്തില് നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില് തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര് എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില് നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്പ്പട്ടിക പുതുക്കല് നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രമേയത്തെ പിന്തുണച്ചു. ലീഗ് എംഎല്എമാരായ യു. ലത്തീഫ്, എന്. ഷംസുദ്ദീന് എന്നിവര് പ്രമേയത്തിന്മേല് ഭേദഗതികള് അവതരിപ്പിച്ചു.
National
ന്യൂഡൽഹി: ബിഹാർ എസ്ഐആറില് തുടർന്നും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്കി സുപ്രീം കോടതി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി പരാതികൾ നല്കാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും നിർദേശിച്ചു.
കോടതി നിർദേശത്തിനു പിന്നാലെ, സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്കി.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ഇന്ന് ആരംഭിക്കും.
വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ബുധനാഴ്ച കോടതിയിൽ വാദിച്ചത്. പരിഷ്കരണം എങ്ങനെ നടത്തണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാൻ സാധിക്കില്ലേയെന്നു ഹർജിക്കാരോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് എപ്പോൾ വേണമെങ്കിലും ഒരു നിയോജകമണ്ഡലത്തിൽ ഉചിതമെന്നു തോന്നുന്ന രീതിയിൽ വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണത്തിന് നിർദേശിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവനുമുന്നിൽവച്ച് ഡൽഹി പോലീസ് തടഞ്ഞു.
ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതോടെ സംഘർഷത്തിൽ കലാശിച്ചു. പിരിഞ്ഞുപോകണമെന്ന് പോലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയാറായില്ല. പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചതായാണ് റിപ്പോർട്ട്. 30 പേരുമായി കൂടിക്കാഴ്ച നടത്താമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്പട്ടിക പരിഷ്കരണത്തില് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്പട്ടിക പരിഷ്കരണം എന്തിനെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് സുധാന്ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്ജികള് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് കമ്മീഷൻ അല്ലെന്നും കോടതി പറഞ്ഞു.
എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. വോട്ടര് പട്ടികയില് അന്തിമ തീരുമാനമെടുക്കും മുന്പ് പൂര്ണവിവരങ്ങള് സുപ്രിംകോടതിയെ അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിഹാറിലെ വോട്ടര് പട്ടികയില് കഴിഞ്ഞ 20 വര്ഷത്തിനിടെ വലിയ തോതില് ആളുകളെ കൂട്ടിച്ചേര്ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര് പട്ടികയില് ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്പട്ടിക പരിഷ്കരണത്തിന് കമ്മീഷന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ അടക്കമുള്ളവരാണ് ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.